ധനകാര്യ സ്ഥാപനത്തിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ വയോധികൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി വിജയൻ (78) ആണ് പൊലീസിന്റെ പിടിയിലായത്. അമ്മയ്ക്കൊപ്പം തിരുവനന്തപുരം പേയാടുള്ള സ്ഥാപനത്തിലെത്തിയ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.

സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സ്ഥാപനത്തിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിച്ചു.

ഏകദേശം 150 ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന വിജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം റൂറൽ എസ്‌പി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്‌പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മലയിൻകീഴ് സിഐ ഉമേഷ്, വിളപ്പിൽശാല എസ്എച്ച്ഒ അനീഷ് കുമാർ, എസ്ഐ ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.