ഫിഫ ലോകകപ്പ് ഫൈനലില്‍ ദുരന്തപൂര്‍ണമായ തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനയ്‌ക്കെതിരേ ഫിഫ കടുത്ത നടപടിക്കൊരുങ്ങുന്നതായി റിപോര്‍ട്ട്. മുന്‍ ലോക ചാമ്പ്യന്മാര്‍ മല്‍സരത്തിനിടയിലും മത്സര ശേഷം ഗ്രൗണ്ടിലും പുറത്തും അര്‍ജന്റീന കളിക്കാരും പരിശീലക സംഘവും കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

സംഭവത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) എതിരെ ഫിഫ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 11 (ഓഫന്‍സീവ് ബിഹേവിയര്‍, ഫെയര്‍ പ്ലേ തത്ത്വങ്ങളുടെ ലംഘനം), ആര്‍ട്ടിക്കിള്‍ 12 (കളിക്കാരുടെയും ഒഫീഷ്യലുകളുടെയും മോശം പെരുമാറ്റം) എന്നിവ പ്രകാരമാണ് നടപടിയുണ്ടാവുക.

കളിക്ക് ശേഷവും ചുവപ്പ് കാര്‍ഡ്

മത്സരത്തിന് പിന്നാലെ അര്‍ജന്റീന താരങ്ങള്‍ നടത്തിയ അതിക്രമങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അര്‍ജന്റീന മധ്യനിര താരം ലിയാന്‍ഡ്രോ പരേഡെസ് സ്പാനിഷ് പ്രതിരോധ താരം എറിക് ഗാര്‍സിയയുടെ കഴുത്തിന് പിടിച്ച് തള്ളുകയും നിലത്തുവീണ താരത്തെ ചവിട്ടുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത ഗാവിയുടെ തലയ്ക്കടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. സംഭവത്തില്‍ പരേഡെസിന് റഫറി മത്സരത്തിന് ശേഷം ചുവപ്പുകാര്‍ഡ് ഉയര്‍ത്തി.

റോഡ്രിയുടെ വയറ്റില്‍ ഇടിച്ചു

അതിലും നിര്‍ത്താതെ, കിരീടനേട്ടം ആഘോഷിക്കാന്‍ ഓടിയ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ അര്‍ജന്റീനയുടെ പ്രതിരോധ താരം നഹുവല്‍ മോളിന വയറ്റില്‍ ഇടിക്കുകയായിരുന്നു. പ്രകോപിതനായ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി മോളിനയ്ക്ക് നേരെ പാഞ്ഞടുത്തെങ്കിലും മറ്റ് താരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, മുതിര്‍ന്ന താരം നിക്കോളാസ് ഒട്ടാമെന്‍ഡി സ്പാനിഷ് താരങ്ങളായ റോഡ്രിയോടും അയ്‌മെറിക് ലാപോര്‍ട്ടെയോടും റഫറിയെക്കുറിച്ചുള്ള മത്സരത്തിന് മുന്‍പത്തെ പ്രസ്താവനകളുടെ പേരില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇനിയും നിന്റെ കരച്ചില്‍ തീര്‍ന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ഒട്ടാമെന്‍ഡിയുടെ കൈയേറ്റം.

തെരുവ് ഗുണ്ടകളെപ്പോലെ പരിശീലകരും

Lionel Messi a mere spectator as Spain, Argentina players fight

കളിക്കാര്‍ക്ക് പുറമെ അര്‍ജന്റീനയുടെ പരിശീലക സംഘത്തിലെ പ്രമുഖരും തെരുവ് ഗുണ്ടകളെപ്പോലെയാണ് പെരുമാറിയത്. അര്‍ജന്റീനയുടെ അസിസ്റ്റന്റ് കോച്ച് റോബര്‍ട്ടോ അയാള സ്പാനിഷ് ഫോര്‍വേഡ് ഡാനി ഓല്‍മോയുടെ മുഖത്ത് ഇടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്പാനിഷ് താരം എറിക് ഗാര്‍സിയ ഇടപെട്ടാണ് അയാളയെ പിടിച്ചുമാറ്റിയത്.

സ്റ്റേഡിയത്തിലെ മിക്‌സഡ് സോണിലൂടെ കടന്നുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അനാദരവോടെ പെരുമാറുകയും, ഒഫീഷ്യലുകളെ തെറിവിളിക്കുകയും, ഡ്രസ്സിംഗ് റൂമിലെ ചില അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം ഫിഫയുടെ അന്വേഷണ പരിധിയിലുണ്ട്.

അര്‍ജന്റീനയുടെ മോശം പെരുമാറ്റം ഇതാദ്യമല്ല

നേരത്തെ 2022 ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷവും എമിലിയാനോ മാര്‍ട്ടിനസിന്റെ വിവാദ ആഘോഷങ്ങളും എതിരാളികളെ വംശീയമായി അധിക്ഷേപിച്ച് പാട്ടുപാടിയതും വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് തോല്‍വിയുടെ കടുപ്പത്തില്‍ അര്‍ജന്റീന താരങ്ങള്‍ വീണ്ടും അച്ചടക്കലംഘനം ആവര്‍ത്തിച്ചിരിക്കുന്നത്. സ്‌പെയിന്‍ താരങ്ങള്‍ കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തു നില്‍ക്കാതെ താരങ്ങള്‍ ഗ്രൗണ്ട് വിട്ടതും വിമര്‍ശന വിധേമായിട്ടുണ്ട്.

അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഭീമമായ തുക പിഴയായി നല്‍കേണ്ടി വരും. ഇതിനുപുറമെ ഗ്രൗണ്ടില്‍ കായികമായി ആക്രമണം നടത്തിയ ലിയാന്‍ഡ്രോ പരേഡെസ്, നഹുവല്‍ മോളിന, കോച്ച് റോബര്‍ട്ടോ അയാള എന്നിവര്‍ക്ക് വരാനിരിക്കുന്ന നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് നീണ്ട വിലക്ക് നേരിടേണ്ടി വരും.

Argentina football team, FIFA disciplinary action