കോട്ടക്കല്‍: ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്കും അസ്ഥികള്‍ക്കും ഗുരുതരമായി ക്ഷതമേറ്റ 19കാരിക്ക് വിദഗ്ധ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെയും വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെയും ഏകോപിച്ചുള്ള അടിയന്തര ഇടപെടലിലൂടെയാണ് മലപ്പുറം ആലിങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയും കൈകളിലെ അസ്ഥികള്‍ തകരുകയും ചെയ്ത നിലയിലാണ് ഇവരെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിയവേ തലയ്‌ക്കേറ്റ ആഘാതം മൂലം ഹൃദയമിടിപ്പിലും രക്തസമ്മര്‍ദ്ദത്തിലും വലിയ വ്യതിയാനങ്ങള്‍ അനുഭവപ്പെട്ടു. ഇതോടൊപ്പം വലതുകൈയ്ക്ക് ഭാഗികമായി തളര്‍ച്ച നേരിട്ടതും ചികിത്സയെ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കി. കൂടാതെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഒടിഞ്ഞ കയ്യുടെ അസ്ഥികള്‍ സംയോജിപ്പിക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

തുടര്‍ന്ന് നല്‍കിയ ഫിസിയോതെറാപ്പി ചികിത്സയിലൂടെയാണ് കൈകളുടെ ചലനശേഷി പൂര്‍ണ്ണമായും വീണ്ടെടുത്തത്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. തേജസ് കള്ളരിക്കണ്ടി, ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റസ്വി റാസി, ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങിയ മെഡിക്കല്‍ സംഘത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് രോഗിയെ പൂര്‍വ ആരോഗ്യസ്ഥിതിയിലെത്തിക്കാന്‍ സാധിച്ചത്.

റോഡപകടങ്ങള്‍ പോലുള്ള അത്യാഹിതങ്ങളില്‍ അടിയന്തര ചികിത്സ ലഭിക്കുന്നതോടൊപ്പം വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ സമയബന്ധിതമായ ഇടപെടല്‍ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക ഘടകമാണെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.