റീല്‍സും ഷോര്‍ട്‌സും ഗെയിമിങ്ങുമൊക്കെയായി മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മുടെ കുട്ടികള്‍. പഠനത്തിന് ഉള്‍പ്പെടെ മൊബൈലിനെയാണ് ആശ്രയിക്കുന്നത്. ഉറങ്ങുന്ന സമയത്ത് മാത്രമായിരിക്കും ഫോണിന് ഇടവേള കൊടുക്കുന്നത്.

കുട്ടികളിലെ അമിതമായ സ്‌ക്രീന്‍ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്നത് കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് ജേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുക, അമിതമായി കാണുക, അല്ലെങ്കില്‍ ഗെയിമിംഗ് ചെയ്യുക എന്നിങ്ങനെ ഓരോ അധിക മണിക്കൂറും സ്‌ക്രീനില്‍ ചെലവഴിക്കുന്നത് കുട്ടികളിലും കൗമാരക്കാരിലും കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

ALSO READ: നിങ്ങള്‍ കുളിക്കുന്നത് രാത്രിയാണോ? രാവിലെയാണോ? എന്താണ് ശാസ്ത്രം ഇതേക്കുറിച്ച് പറയുന്നത്!

ആയിരത്തിലധികം അമ്മമാരെയും കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. സ്‌ക്രീന്‍ സമയം രക്ഷിതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തതോ സ്വയം റിപ്പോര്‍ട്ട് ചെയ്തതോ ആയിരുന്നു. രണ്ടാഴ്ചത്തേക്ക് ആക്‌സിലറോമീറ്ററുകള്‍ ഉപയോഗിച്ച് ഉറക്കവും ശാരീരിക പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായി അളന്നു. കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാര്‍ഡിയോമെറ്റബോളിക് റിസ്‌ക് (CMR) കണക്കാക്കിയത്.

2020 മുതലാണ് ഇന്ത്യക്കാരില്‍ സ്‌ക്രീന്‍ ടൈം കൂടിയത്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളാണ് കുട്ടികളില്‍ സ്‌ക്രീനുപയോഗം വര്‍ധിപ്പിച്ചത്. ശരീരഭാരവും രക്തസമ്മര്‍ദവും സാധാരണ നിലയിലാണെങ്കില്‍ പോലും ഉറങ്ങുന്നതിന് മുമ്പും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെയുള്ള ഉപയോഗം ഉറക്കത്തെയും ദഹനപ്രക്രിയയെയും ഭാഷാവികാസത്തെയും സാരമായി ബാധിക്കുന്നു. എന്നാല്‍ ശരിയായ ഉറക്കം ഇതിലെ 12 ശതമാനം പ്രശ്‌നങ്ങളെയും തടയുന്നു. 10 വയസിന് മുകളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്.

അമിത സ്‌ക്രീന്‍ സമയം കുറക്കുന്നതിന് മാതാപിതാക്കള്‍ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ഓണ്‍ലൈന്‍ ക്ലാസോ മറ്റ് അത്യാവശ്യങ്ങളോ അല്ലാതെ അനാവശ്യമായി മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക, കളിവിനോദങ്ങളിലേര്‍പ്പെടുന്നത് പ്രോത്സാഹിപ്പിക്കുക, ശരിയായ ഉറക്കം ശീലിപ്പിക്കുക എന്നിവയോടൊപ്പം കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.