സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവലന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് 1,09,320 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാമിന് 45 രൂപ കൂടി 13,665 രൂപയിലേക്കും വിലയെത്തിയിട്ടുണ്ട്. വെള്ളിവിലയിലും വര്‍ധനവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കൂടി 265.10 ലേക്കും ഒരു കിലോയ്ക്ക് 100 രൂപ ഉയര്‍ന്ന് 2,65,100 രൂപയിലേക്കും വില ഉയര്‍ന്നിരിക്കുകയാണ്.

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിക്കാറായി എന്ന സൂചന വന്നതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ജൂണ്‍ 11ന് എല്ലാവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി താഴോട്ടിറങ്ങിയ സ്വര്‍ണം, ജൂണ്‍ 12ന് തിരിച്ചുകയറിയത് ട്രംപിന്റെ ഒരൊറ്റ വാചകത്തിലാണ്. ഇറാനും യുഎസും തമ്മില്‍ ഉടന്‍ സമാധാന കരാറിലേര്‍പ്പെടുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ഇറാന്‍ അനുകൂല സൂചന നല്‍കുകയും ചെയ്തതോടെ വിപണിയും ഉണര്‍ന്നു.

ക്രൂഡ് ഓയില്‍ വില താഴേക്ക്

ഹോര്‍മുസ് തുറക്കാന്‍ പോകുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസവും ക്രൂഡ് ഓയില്‍ വില ബാരലിന് 1.05 ശതമാനം ഇടിഞ്ഞ് 86.79 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 1.13 ശതമാനം നഷ്ടത്തില്‍ 89.36 ഡോളറുമായിരുന്നു. നിലവില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത് സമാധാന കരാറിനെ ബാധിക്കുമെന്ന സംശയത്തിലാണ് വിദഗ്ധര്‍.

ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ ഉണ്ടായാല്‍ ക്രൂഡ് ഓയില്‍ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലേക്ക് എത്തും. ഇത് പെട്രോള്‍, ഡീസല്‍, എല്‍പിജി തുടങ്ങിയ ഇന്ധനങ്ങളുടെയെല്ലാം വില കുറയ്ക്കാന്‍ സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ധന പ്രതിസന്ധി മറികടക്കണമെങ്കില്‍ എത്രയും വേഗത്തില്‍ സമാധാന കരാര്‍ ഉണ്ടാകണം. എന്നാല്‍ ട്രംപിന്റെ പ്രസ്താവനകളാണ് തിരിച്ചടിയാകുന്നത്.

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷയില്‍ യുഎസ് ഡോളര്‍ ഇന്‍ഡെക്സും താഴ്ന്നിരുന്നു. ഇത് മറ്റ് കറന്‍സികള്‍ക്ക് സ്വര്‍ണത്തിനെതിരായ മൂല്യം 100ല്‍ നിന്നും 99.83 ലേക്ക് താഴാന്‍ സഹായകമായി. ക്രൂഡ് ഓയില്‍ വില കുറയുന്നത് യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും, ഇത് സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതാണ്.

ഉപഭോക്താക്കള്‍ ഇനിയെന്ത് ചെയ്യണം?

സ്വര്‍ണവില കുത്തനെ ഉയരാന്‍ തുടങ്ങിയതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ധാരാളം ആളുകളുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച വിലയിടിവ്, വലിയ വിലയ്ക്ക് സ്വര്‍ണം വാങ്ങിയവര്‍ക്ക് സമ്മാനിച്ചത് ഏകദേശം 25,000 രൂപയുടെ നഷ്ടമാണ്. സ്വര്‍ണവിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. വില അടുത്തകാലത്തൊന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്തില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഉപഭോക്താക്കള്‍ ഉയര്‍ന്ന വിലയ്ക്ക് ആഭരണങ്ങള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമുണ്ട്.