ഷാർജ: പലസ്തീൻ പാരമ്പര്യ വിഭവമായ ചിക്കൻ മക്ലൂബ തയ്യാറാക്കി സന്ദർശകരുടെ ശ്രദ്ധനേടി പ്രമുഖ പലസ്തീൻ ഷെഫ് സലാം ദഖാഖ്. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ‘പലസ്തീൻ ഫ്ലേവേഴ്‌സ്, ഫാമിലി സ്റ്റോറീസ്’ എന്ന തത്സമയ പാചകപരിപാടിയിലാണ് അവർ വിഭവം പരിചയപ്പെടുത്തിയത്.

ചിക്കൻ, അരി, കോളിഫ്ലവർ, തക്കാളി, ഉള്ളി, വെളുത്തുള്ളി, ഏഴ് സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം എന്നിവ ഉപയോഗിച്ചാണ് മക്ലൂബ തയ്യാറാക്കിയത്. പാകം ചെയ്ത വിഭവം പാത്രത്തിലേക്ക് മറിച്ചിടുമ്പോൾ ചിക്കനും അരിയും പച്ചക്കറികളും അടുക്കുകളായി തെളിയുന്നതാണ് പ്രത്യേകത. വറുത്ത അണ്ടിപ്പരിപ്പ് വിതറി വെള്ളരിക്കയും തക്കാളിയും ചേർത്ത സാലഡിനൊപ്പമാണ് വിളമ്പിയത്.

തലമുറകളിലൂടെ കൈമാറിവരുന്ന പാചകക്കുറിപ്പുകൾ കുടുംബത്തിന്റെ ഓർമകളും സാംസ്കാരിക പൈതൃകവും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സലാം ദഖാഖ് പറഞ്ഞു. ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിൽ പാചകത്തോടുള്ള ഇഷ്ടം തൊഴിൽമേഖലയാക്കി മാറ്റിയ അനുഭവവും അവർ പങ്കുവെച്ചു. ദുബായിലെ ബൈത്ത് മറിയം, സുഫ്രത്ത് മറിയം എന്നീ റെസ്റ്റോറന്റുകളുടെ ഉടമയും ഷെഫുമായ സലാം ദഖാഖിന്റെ സ്ഥാപനങ്ങൾക്ക് മിഷെലിൻ ബിബ് ഗൂർമാൻഡ് അംഗീകാരവുമുണ്ട്.

നവംബർ 4 മുതൽ 15 വരെ ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ പ്രമേയത്തിൽ നടക്കുന്ന പുസ്തകമേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളും 1,500 സാംസ്കാരിക-കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.