കൊച്ചി: തെലങ്കാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും കമ്പനിയുടെ സാമ്പത്തിക രേഖകളും പെരുപ്പിച്ചു കാട്ടി കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് 2000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത ‘കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്‌സ് ലിമിറ്റഡ്’ (KAPL) എന്ന കമ്പനിയുടെ പേരിലാണ് പൊതുമേഖലാ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പറ്റിച്ച് ഭീമമായ തുക വായ്പയായി തട്ടിയെടുത്തത്. എസ്.ബി.ഐ ക്യാപ്പിന്റെ (SBI CAP) നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യമാണ് വായ്പ അനുവദിച്ചത്.

തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (TSIIC) വ്യവസായ ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കിയ 187.7 ഏക്കര്‍ ഭൂമിയാണ് വായ്പയ്ക്കുള്ള പ്രധാന ഈടായി ബാങ്കുകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. കമ്പനിക്ക് യാതൊരുവിധ ഉടമസ്ഥാവകാശവുമില്ലാത്ത ഈ പാട്ടഭൂമിക്ക് ഏകദേശം 3,000 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് വ്യാജമായി കാണിച്ചായിരുന്നു തട്ടിപ്പ്.

ഭൂമിക്ക് പുറമെ കിറ്റക്‌സ് അപ്പാരല്‍സിന്റെ ബാങ്ക് രേഖകളും ഭാവിയില്‍ കമ്പനിക്ക് ലഭിക്കാന്‍ പോകുന്ന വലിയ വരുമാനത്തിന്റെ കണക്കുകളും പെരുപ്പിച്ചു കാട്ടിയാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ പ്രവര്‍ത്തനം കൃത്യമായി ആരംഭിക്കാത്ത കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 10 കോടിയില്‍ താഴെ (ഔദ്യോഗിക സാമ്പത്തിക കണക്കുകള്‍ പ്രകാരം വെറും 2.11 ലക്ഷം) മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിക്കാന്‍ സാബു എം. ജേക്കബ് ഉപയോഗിച്ച നിര്‍ണായക രേഖകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

Tags: Sabu M Jacob, Kitex Group, Kitex Apparel Parks Limited, TSIIC Telangana, SBI CAP Consortium, Bank Loan Scam, Kerala News, Reporter TV, Sabu M Jacob News, Kitex Telangana Land, Financial Fraud News