നടി അൻസിബ ഹസനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയത്. അൻസിബ നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.
ലക്ഷ്മി പ്രിയയും യൂട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതെന്നാണ് അൻസിബയുടെ ആരോപണം. പരാതിയിൽ കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തെളിവുകൾ വിലയിരുത്താനും നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
യൂട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്നാവശ്യപ്പെട്ട് അൻസിബ പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. തുടർന്ന് നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.
മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റ് കോടതി ഇപ്പോൾ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
ALSO READ:കാമുകനൊപ്പം ചേർന്ന് വിഷം കലർത്തിയ മിഠായി നൽകി മൂന്നുമക്കളെ കൊന്ന അമ്മ അറസ്റ്റിൽ



