ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് 45കാരിയെയും എട്ടുവയസുകാരനായ ചെറുമകനെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സഹോദരി ഭർത്താവ് പോലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ ആണ് സംഭവം. സംഭവം നടന്ന് 11 ദിവസത്തിന് ശേഷം പ്രതിയായ അസിമിനെ പോലീസ് പിടികൂടിയത്.

നവംബർ 13, 14 തീയതികൾക്കിടയിലെ രാത്രിയിലാണ് കൻഹ നാഗ്ല ഗ്രാമത്തിൽ ഇരട്ടക്കൊലപാതകം നടന്നത്. നിയാസ് ബാനോ, ചെറുമകൻ അഫ്നാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേ ഗ്രാമവാസിയായ പ്രതി അസിം, സംഭവദിവസം രാത്രിയിൽ ലൈംഗികബന്ധം സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടെ നിയാസ് ബാനോയുടെ വീട്ടിലെത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ.

പ്രതിയുടെ ആവശ്യം നിയാസ് ബാനോ നിരസിച്ചതോടെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലെത്തിയ കുട്ടി സംഭവം പുറത്തുപറയുമെന്ന് ഭയന്ന് പ്രതി കുട്ടിയെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അന്നുതന്നെ ഇയാൾ ഡൽഹിയിലേക്ക് കടന്നു.

നിയാസ് ബാനോ തന്റെ ഭാര്യയുടെ സഹോദരിയാണെന്നും അവരുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ശാരീരികബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ പോലീസിനോടു പറഞ്ഞു. ഭാര്യയുമായുള്ള ദാമ്പത്യപ്രശ്നങ്ങളും പ്രതി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിൽ മക്കൾക്കൊപ്പം താമസിച്ചിരുന്ന നിയാസ് ബാനോ സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. പ്രതി ഇവരെ പിന്തുടർന്ന് ഗ്രാമത്തിലെത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാൻ നിരവധി പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. കേസ് തെളിയിച്ച സംഘത്തിന് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ബദായൂൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത ശർമ ഇരട്ടക്കൊലപാതകക്കേസ് തെളിയിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിച്ചു.

ALSO READ: വൈഭവ് സൂര്യവംശിക്ക് 53 പന്തിൽ 204 റൺസ്; ഇന്ത്യ എയ്ക്ക് ചരിത്രവിജയം