തമിഴ്നാട്ടിലെ തിരുപ്പരങ്കുൺട്രം മലയിലെ കാർത്തിക ദീപം വിവാദത്തിൽ സുപ്രീംകോടതി ഉത്തരവ് ഉത്തരവ് വിജയ് സർക്കാർ തള്ളി. മധുരയിലെ തിരുപ്പരങ്കുൺട്രം മലയിൽ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത സ്ഥലത്ത് മാത്രമാണ് തമിഴ്നാട് സർക്കാർ ദീപം തെളിയിച്ചത്. ദർഗയ്ക്ക് സമീപമുള്ള മലമുകളിലെ കൽത്തൂണിൽ ദീപം തെളിയിച്ചില്ല. നവംബർ 24ന് മലമുകളിലെ കൽത്തൂണിൽ ഒറ്റത്തവണ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 2025 ഡിസംബർ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ പരമ്പരാഗത സ്ഥലത്തിന് പുറമെ മലമുകളിലെ കൽത്തൂണിലും ദീപം തെളിയിക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതിയിലെ നടപടികളിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഹൈക്കോടതി നിർദേശം നിലനിന്നു. തുടർന്ന് നവംബർ 20ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നവംബർ 24ന് കൽത്തൂണിൽ ഒരുതവണ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.

എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വലിയ തോതിൽ സ്ഥലത്ത് എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബിജെപി നേതാക്കളായ എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരെയും തിരുപ്പരങ്കുൺട്രത്തേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞു.

ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക മഹാദീപം തെളിയിച്ചതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളും ആഗമവിധികളും സംരക്ഷിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സുപ്രീംകോടതി അനുമതി നൽകിയ മലമുകളിലെ കൽത്തൂണിൽ ദീപം തെളിയിക്കാത്തതിന്റെ കാരണം സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ വ്യക്തമാക്കിയിട്ടില്ല.

സംഭവത്തിൽ രാഷ്ട്രീയ വിവാദവും ശക്തമായി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ എതിർത്ത നിയമമന്ത്രി നർമൽ കുമാറിനെതിരെ ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തി. നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെ കോടതിയുടെ ഉത്തരവിനെ എതിർക്കുന്നത് അപലപനീയമാണെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശമില്ലെന്നും അവർ പ്രതികരിച്ചു. അതേസമയം, ദീപോത്സവത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചവർ നിരാശരായെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോറും പ്രതികരിച്ചു.

വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് ഈ തീരുമാനം രാഷ്ട്രീയമായും വെല്ലുവിളിയായിരിക്കുകയാണ്. ന്യൂനപക്ഷ കക്ഷികളായ വിസികെ, ഐയുഎംഎൽ എന്നിവയുടെ പിന്തുണയോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. മലമുകളിൽ ദീപം തെളിയിക്കുന്നത് സാമുദായിക സംഘർഷങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക സഖ്യകക്ഷികൾക്കുണ്ട്. അതേസമയം, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് സർക്കാരിനെതിരെ നിയമപരമായ നടപടികൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിയൊരുക്കിയേക്കാം.