യുഎഇയിലെ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തിലെ ശീതകാല അവധി ഡിസംബർ 14ന് ആരംഭിക്കും. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്ക് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഉൾപ്പെടെ മൂന്നാഴ്ചത്തെ അവധിയാണ് ലഭിക്കുക. ഡിസംബർ 11 വെള്ളിയാഴ്ചയായിരിക്കും ആദ്യ ടേമിലെ അവസാന പ്രവൃത്തിദിനം.
ഡിസംബർ 14 തിങ്കളാഴ്ച ആരംഭിക്കുന്ന അവധി 2027 ജനുവരി 3 ഞായറാഴ്ച വരെ നീളും. ജനുവരി 4 തിങ്കളാഴ്ച രണ്ടാം ടേമിലെ ക്ലാസുകൾ പുനരാരംഭിക്കും. കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കാനും വിദേശയാത്രകൾക്കും മറ്റും വിദ്യാർഥികൾക്ക് ഈ അവധിക്കാലം പ്രയോജനപ്പെടുത്താം.
ദുബായിലെ സെപ്റ്റംബർ അധ്യയന കലണ്ടർ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്കും ഇതേ അവധിക്കാലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (KHDA) കലണ്ടർ പ്രകാരമാണ് അവധി. ഷാർജയിലെ സെപ്റ്റംബർ അധ്യയന കലണ്ടർ പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും ഡിസംബർ 14 മുതൽ ജനുവരി 3 വരെയാണ് ശീതകാല അവധി.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് (MoE) കീഴിലുള്ള പൊതുവിദ്യാലയങ്ങളിലും ഇതേ സമയക്രമം തന്നെയാണ്. ഡിസംബർ 11ന് ഒന്നാം ടേം അവസാനിക്കുന്ന വിദ്യാർഥികൾ ജനുവരി 4ന് രണ്ടാം ടേമിനായി സ്കൂളുകളിൽ തിരിച്ചെത്തും. ഷാർജയിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും (SPEA) ഇതേ കലണ്ടറാണ് പിന്തുടരുന്നത്.
എന്നാൽ യുഎഇയിലെ എല്ലാ സ്കൂളുകൾക്കും ഈ അവധിക്കാലക്രമം ബാധകമല്ല. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ചില സ്വകാര്യ സ്കൂളുകളിൽ ടേം തീയതികളിലും അവധിക്കാലത്തിലും വ്യത്യാസമുണ്ടാകാം. അതിനാൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും മുമ്പ് കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഔദ്യോഗിക അക്കാദമിക് കലണ്ടർ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.



