കൊച്ചി: മെസിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ മനോരമയുടെ കള്ളക്കഥകള്‍ മാത്രമാണെന്നും ആന്റോ അഗസ്റ്റിന്‍ മറുപടി നല്‍കി.
126 കോടി രൂപ ആരുടെ പണം?
126 കോടി രൂപ നഷ്ടപ്പെട്ടത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കാണെന്ന് ആന്റോ അഗസ്റ്റിന്‍ മറുപടി നല്‍കി. സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ഒരു രൂപ പോലും നഷ്ടമായില്ല. ഇതില്‍ എന്ത് തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാക്കണം. പണം സര്‍ക്കാരിന്റെയോ മനോരമയുടെയോ ജനങ്ങളുടെയോ അല്ല. റിപോര്‍ട്ടര്‍ ചാനലിന്റെ പണം നഷ്ടമായതില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
എല്ലാറ്റിനും രേഖയുണ്ട്
പണം നല്‍കിയതിനും ഇതിനായി നടന്ന എല്ലാ നടപടിക്രമങ്ങള്‍ക്കും രേഖകളും തെളിവുകളുമുണ്ടെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. ആര്‍ബിഐയുടെ അനുമതിയോടെ എസ്ബിഐ വഴിയാണ് പണമിടപാട് നടത്തിയത്. പണം ലഭിച്ചെന്ന് കാട്ടി എഎഫ്എ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ രേഖകളുണ്ട്. കേന്ദ്ര കായിക മന്ത്രാലയവും ധനമന്ത്രാലയവും അനുമതി നല്‍കിയിരുന്നു. നിയമപ്രകാരമാണ് എല്ലാം ചെയ്തത്. മേല്‍നോട്ടത്തിന് മോണിറ്ററിങ് കമ്മിറ്റി ഉണ്ടായിരുന്നു. എല്ലാം സര്‍ക്കാര്‍ അനുമതിയോടെയാണ് ചെയ്തത്. ഇതിനുള്ള എല്ലാ രേഖകളും സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
വിഷയം എഎഫ്എ അറിഞ്ഞിരുന്നോ?
കേരളത്തിലെത്താമെന്ന് എഎഫ്എ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് തെളിവുണ്ട്. 2025 നവംബര്‍ 17ന് ആണ് എഎഫ്എ മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേരളത്തില്‍ എത്തുമെന്ന കാര്യം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 2024 ഡിസംബറിലാണ് റിപോര്‍ട്ടറും എഎഫ്എഎയുമായി കരാര്‍ ഉണ്ടാക്കിയത്. അര്‍ജന്റീന ടീമിനെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രോജക്ടായിരുന്നു. സര്‍ക്കാരാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിയെ ഇങ്ങോട്ട് സമീപിച്ചത്. എന്നാല്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ടീം വന്നില്ല. നിലവില്‍ അര്‍ജന്റീനയുടെ വരവില്‍ നിയമ നടപടി തുടരുകയാണ്. അന്താരാഷ്ട്ര കായിക ട്രിബ്യൂണലിന്റെ പരിഗണനയിലാണ് വിഷയമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
ഗോട്ട് & ഗ്ലോബല്‍ എന്ന കമ്പനിയില്ല
ഗോട്ട് ആന്‍ഡ് ഗ്ലോബലുമായി റിപോര്‍ട്ടറിന് യാതൊരു ബന്ധവുമില്ല. റിപ്പോര്‍ട്ടറിന്റെ മേല്‍വിലാസത്തില്‍ അങ്ങനെ ഒരു കമ്പനിയില്ല. ഇങ്ങനൊരു കമ്പനിയുണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags: Anto Augustine, Reporter TV, Lionel Messi Kerala Visit, AFA Argentina, Kerala News, Manorama Fake News, Sports News Malayalam, Latest Malayalam News



