യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കും. ഏറ്റവും കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചത്.

നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപ മാത്രമാണെന്ന് സംഘടന ആരോപിക്കുന്നു. വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം നടന്നിട്ടില്ലെന്നും, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നാളത്തെ സൂചനാ സമരത്തിന് പിന്നാലെ കൂടുതല്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ മൂന്നില്‍ ഒരുഭാഗം ജീവനക്കാര്‍ നാളെ ജോലിയില്‍ പ്രവേശിക്കും. ബാക്കി ജീവനക്കാര്‍ സൂചനാ പണിമുടക്കില്‍ പങ്കെടുക്കും. അടിയന്തര സേവനങ്ങള്‍ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് സംഘടന അറിയിച്ചു.

പണിമുടക്കിന്റെ ഭാഗമായി തൃശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. കുറഞ്ഞ വേതനം 40,000 രൂപയായി നിശ്ചയിക്കുക, നഴ്‌സ്-രോഗി അനുപാതം കൃത്യമായി പാലിക്കുക, സേവന നിബന്ധനകള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനത്തില്‍ ഉന്നയിക്കുക.

വണ്ടാനം സംഭവം: ‘സിസ്റ്റത്തിന്റെ പിഴവ്’

ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് , ആലപ്പുഴയില്‍ ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയാ ഉപകരണം രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവം സിസ്റ്റത്തിന്റെ പിഴവാണെന്നും ജാസ്മിന്‍ ഷാ ആരോപിച്ചു. നഴ്‌സുമാരുടെയും രോഗികളുടെയും അനുപാതം കൃത്യമായി പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും ഡോക്ടര്‍മാര്‍ അവസാനം നഴ്‌സുമാരുടെ മേല്‍ ചുമത്തുന്ന പ്രവണതയും അവസാനിപ്പിക്കണമെന്നും യുഎന്‍എ ആവശ്യപ്പെട്ടു.

സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളില്‍ ഭാഗികമായ തടസ്സം ഉണ്ടാകാനിടയുണ്ട്.